ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വലിയപറമ്പ: പ്രാദേശിക ചരിത്രം
കേരളപിറവിക്കു മുമ്പ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയിലാണ് ഉൾപ്പെട്ടിരുന്നത്. പടന്ന, ഉദിനൂർ ഗ്രാമങ്ങളിലെ വടക്കൻ പ്രദേശങ്ങളും, തെക്കേ തൃക്കരിപ്പൂർ ഗ്രാമത്തിലെ തെക്കൻ പ്രദേശങ്ങളും ഉൾക്കൊണ്ടാണ് അക്കാലത്ത് വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രദേശം നിലനിന്നിരുന്നത്. പഞ്ചായത്തിന്റെ വടക്കൻ ഭാഗം മുതൽ തെക്കോട്ട് ഒരിയര, മാവിലാക്കടപ്പുറം, മാവിലാക്കടപ്പുറം പന്ത്രണ്ട്, പടന്ന പന്ത്രണ്ട്, ബീച്ചാർ കടപ്പുറം, പടന്ന കടപ്പുറം, പട്ടേൽ കടപ്പുറം, വലിയപറമ്പ തുടങ്ങിയ പ്രദേശങ്ങൾ പ്രധാനമായും തെക്കേക്കോളയത്ത് പാറക്കടവ്, ഉദിനൂർ, കല്ല് കെട്ടിയപുര, പാണ്ഡ്യാലക്കടവ്, വടക്കേക്കോളയത്ത് പാറക്കടവ്, തായലെ മാളിക, മാടാപ്പുറം, കുന്നത്ത് എന്നീ തറവാട്ടുകാരായ മുസ്ലീം ജന്മിമാരുടെ കൈവശത്തിലായിരുന്നു. ഇടയിലക്കാട് പ്രദേശം കളങ്കര തറവാട്ടുകാരായ ജന്മിയുടെ കൈവശവുമായിരുന്നു.
അതുപോലെ കുന്നുവീട് കടപ്പുറം, തയ്യിൽ നോർത്ത് കടപ്പുറം, തയ്യിൽ സൗത്ത് കടപ്പുറം, പൂച്ചാൽ കടപ്പുറം, മാടക്കാൽ ദ്വീപ് എന്നിവ ഉടുമ്പുന്തല പ്രദേശക്കാരായ മുസ്ലീം ജന്മിമാരുടെ കൈവശത്തിലായിരുന്നു. വളരെ പഴയ കാലത്ത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂർ, രാമന്തളി പ്രദേശങ്ങളിൽ നിന്ന് പഞ്ചായത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് കുടിയേറിയവരാണ് ഇവിടെ ആദ്യമായി കുടിൽ കെട്ടി താമസം തുടങ്ങിയത്.
സ്ഥലനാമ ചരിത്രവും ഐതിഹ്യങ്ങളും
ഇന്നത്തെ വലിയപറമ്പ എന്ന പേരിന് പിന്നിൽ രസകരമായ ഒരു ചരിത്രമുണ്ട്. ഇവിടെയുള്ള വലിയപറമ്പ് എ.എൽ.പി സ്കൂളിന് തൊട്ടടുത്തായി വളരെ പഴയ കാലം മുതൽ നിലനിന്നുപോരുന്ന ഒരു ജുമാഅത്ത് പള്ളിയുണ്ട്. ഈ പള്ളിയെയും സ്കൂളിനെയും തൊട്ട് പണ്ട് വിസ്തൃതമായ നെൽപാടങ്ങൾ ഉണ്ടായിരുന്നു. പാടത്തിനു നടുവിലൂടെ സ്കൂളിനെയും പള്ളിയെയും ബന്ധിപ്പിക്കുന്ന വലിയൊരു 'വരമ്പ്' അന്നുണ്ടായിരുന്നു. ഈ വലിയ വരമ്പ് ക്രമേണ ലോപിച്ച് 'വലിയപറമ്പ്' എന്നായിത്തീർന്നതാണെന്ന് അനുമാനിക്കപ്പെടുന്നു.
ഇടയിലക്കാട് പ്രദേശത്തിന്റെ വടക്കുകിഴക്കുഭാഗം 'മണിയമ്മാട്' എന്നാണ് അറിയപ്പെടുന്നത്. ഇടയിലക്കാട് ദ്വീപ് പഴയകാലത്ത് ഉദിനൂർ കോവിലകം ദേവസ്വം വകയായിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രപാലകൻ ഈ പ്രദേശം സന്ദർശിക്കാറുണ്ടായിരുന്നുവെന്നും, ഉദിനൂരിലേക്ക് ദേവന് എഴുന്നള്ളുവാൻ ദേവഗണങ്ങൾ മണിപ്പീഠം തീർത്ത് പുഴ കടത്താറുണ്ടായിരുന്നുവെന്നുമാണ് ഐതിഹ്യം. ആ പേരിൽ നിന്നാണ് മണിയമ്മാട് എന്ന സ്ഥലനാമം ഉണ്ടായത്.
വലിയപറമ്പ ഗ്രാമത്തിന്റെ വടക്കേ അറ്റമായ മാവിലാക്കടപ്പുറം ഒരിയര അഴിമുഖത്ത് വർഷങ്ങൾക്കു മുമ്പ് തൃക്കരിപ്പൂർ വെള്ളാപ്പിലെ ഒരു പ്രമുഖ മുസ്ലീം കുടുംബത്തിലെ അംഗമായ ഒരു വലിയ്യുടെ (ശ്രേഷ്ഠനായ വ്യക്തി) മയ്യത്ത് വന്നടിയുകയുണ്ടായി. മതാചാരപ്രകാരം അത് മറമാടിയതിനുശേഷം അവിടെ പലതരം അത്ഭുതങ്ങൾ കണ്ടു തുടങ്ങിയപ്പോൾ ഒരു ചെറിയ പള്ളി പണിയുകയുണ്ടായി. കടലാക്രമണത്തിൽ ഈ പള്ളിയുടെ അവശിഷ്ടങ്ങൾ ഇന്നും തൈക്കടപ്പുറം അഴിത്തലത്തിലുണ്ട്. വലിയ്യ് വന്ന സ്ഥലമായതിനാൽ 'വലിയര' എന്ന് വിളിച്ചിരുന്ന പ്രദേശം കാലപ്പഴക്കം കൊണ്ട് 'ഒരിയര'യായി മാറുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തുണ്ടായിരുന്ന പന്ത്രണ്ട് കുടുംബങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഇന്നത്തെ പന്ത്രണ്ടിൽ പള്ളിയിൽ ജുമുഅത്ത് നിസ്ക്കാരം സ്ഥാപിച്ചതും അംഗശുദ്ധീകരണത്തിനുള്ള ഹൗളിന് പന്ത്രണ്ട് ഇരിപ്പടങ്ങൾ നിർമ്മിച്ചതും.
ആരാധനാലയങ്ങളും പ്രകൃതിഭംഗിയും
കന്നുവീട് കടപ്പുറത്തെ പഴയ ക്ഷേത്രം 1964-ൽ കടലെടുത്തു പോയെങ്കിലും പിന്നീട് ഇന്നത്തെ സ്ഥലത്ത് പുനർനിർമ്മിക്കുകയുണ്ടായി. രണ്ടു വർഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന ഉത്സവം ജാതിമതഭേദമന്യേ ജനങ്ങളുടെ വലിയൊരു സംഗമവേദിയാണ്. ഇവിടുത്തെ പ്രധാന തെയ്യക്കോലമായ ഘണ്ടാകർണ്ണൻ മറ്റൊരിടത്തും കാണാത്ത സവിശേഷതയാണ്.
മറ്റൊരു പ്രധാന ആരാധനാലയമാണ് ഇടയിലക്കാട് നാഗേശ്വരി കാവ്. ചൂരൽക്കാടുകളും വൻമരങ്ങളും അനവധി ഔഷധസസ്യങ്ങളും നിറഞ്ഞ ഈ കാട്ടിൽ വാനരന്മാർ സ്വൈരമായി വസിക്കുന്നു. ഈ കാവിന്റെ വടക്കുഭാഗം മുകയ സമുദായക്കാരുടെ ആരാധനാകേന്ദ്രമാണ്. എല്ലാ വർഷവും ആയില്യം നാളിൽ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും സംഘങ്ങൾ എത്തി ഇവിടെ നാഗപ്രസാദത്തിനായി പൂജകൾ നടത്തുന്നു.
പഴയകാലത്ത് നിബിഡവനമായിരുന്ന ഇടയിലക്കാട്ടിൽ പുല്ല് ശേഖരിക്കാനും മരത്തടികൾക്കുമായി എത്തിച്ചേർന്ന മനുഷ്യർ ക്രമേണ പുഴയോരങ്ങൾ വയലുകളാക്കി മാറ്റി ഇവിടെ താമസം ആരംഭിക്കുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 3-4 അടി ഉയരത്തിൽ കിടക്കുന്ന ഈ ദ്വീപ് പ്രദേശത്ത് പണ്ട് ഗതാഗതത്തിന് ഒരേയൊരു ആശ്രയം കൊറ്റി-പെരുമ്പട്ട ബോട്ട് സർവ്വീസ് മാത്രമായിരുന്നു. ഒളവറ-പയ്യന്നൂർ, കാര്യാങ്കോട് പാലങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് തൃക്കരിപ്പൂർ, ചെറുവത്തൂർ ജനങ്ങൾക്ക് പയ്യന്നൂരുമായും നീലേശ്വരവുമായും ബന്ധപ്പെടാൻ ഈ ബോട്ട് സർവ്വീസ് ഏറെ സഹായകരമായിരുന്നു.
സാംസ്കാരിക ചരിത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരംഭവും അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ചുള്ള മതപരമായ ചടങ്ങുകളുമാണ് വലിയപറമ്പിലെ സാംസ്കാരിക മേഖലയെ ഉണർത്തിയത്. ബാഹ്യലോകവുമായി വലിയ ബന്ധമില്ലാതിരുന്നിട്ടും തനതായ ഗ്രാമീണ സംസ്ക്കാരത്തിന്റെ വിശുദ്ധി ഈ പ്രദേശം ഇന്നും കാത്തുസൂക്ഷിക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഒത്തൊരുമയോടെ കഴിയുന്ന ഇവിടെ മതപരമായ യാതൊരു അസ്വാസ്ഥ്യങ്ങളുമില്ല എന്നത് ജനങ്ങളുടെ ഐക്യത്തിന് തെളിവാണ്. പള്ളികളിലെ നേർച്ചകളിലും അമ്പലങ്ങളിലെ ഉത്സവങ്ങളിലും ജാതിമതഭേദമന്യേ എല്ലാവരും സഹകരിക്കുന്നു.
അനുഷ്ഠാന കലയായ തെയ്യം, നാടൻ കലകളായ പൂരക്കളി, ദഫ്മുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട് എന്നിവ ഇവിടെ ഇന്നും സജീവമാണ്. പൂരക്കളിയിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ കെ.പി. പൊക്കൻ പണിക്കർ ഈ നാടിന്റെ അഭിമാനമാണ്. നിരവധി വായനശാലകളും ക്ലബുകളും കലാസമിതികളും ഇന്നും ഈ പഞ്ചായത്തിന്റെ സാംസ്കാരിക വളർച്ചയ്ക്കായി പ്രവർത്തിച്ചുപോരുന്നു.