മയങ്ങില്ല കേരളം ; റിലാക്സ് പദ്ധതിക്ക് തുടക്കമായി
വലിയപറമ്പ: നീലേശ്വരം എക്സൈസ് റേഞ്ചിന്റെയും വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘മയങ്ങില്ല കേരളം" റിലാക്സ്’ പദ്ധതിക്ക് തുടക്കമായി. വലിയപറമ്പ പഞ്ചായത്തിന് കീഴിലുള്ള സ്ഥലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി കളിസ്ഥലവും വിശ്രമകേന്ദ്രവും ഒരുക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ടി ബുഷറ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്തി മെന്റർ പി.ഗോവിന്ദൻ വിഷയാവതരണം നടത്തി. ഒമ്പതാം വാർഡ് മെമ്പർ ജനാർദ്ദനൻ, പടന്നക്കടപ്പുറം ജിഎഫ്എച്ച്എസ് സ്കൂളിലെ എസ്പിസി ഇൻചാർജ് പ്രസീത എന്നിവർ ആശംസാ പ്രസംഗം നടത്തി. എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശൻ നന്ദി പറഞ്ഞു. തുടർന്ന് വലിയപറമ്പ പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളുടെയും പടന്നക്കടപ്പുറം ജിഎഫ്എച്ച്എസ് സ്കൂളിലെ എസ്പിസി എൻഎസ്എസ് കേഡറ്റുകളുടെയും സഹകരണത്തോടെ പാർക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.രാജൻ, സിവിൽ എക്സൈസ് ഓഫീസർ വി.മഞ്ചുനാഥൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.